Saturday 24 October 2020

എൻറെ 'മാഷ്' അനുഭവം (കൊറോണ അനുഭവം)

 എൻറെ 'മാഷ്' അനുഭവം (കൊറോണ അനുഭവം)

സ്കൂൾ കുട്ടികളുടെ സഹജ ശബ്ദകോലാഹങ്ങൾക്കിടയിൽ നിന്ന് അവരെ രസതന്ത്രത്തിന്റെ രസ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകേണ്ടിയിരുന്ന ഒരു വ്യാഴാഴ്ച ... എന്നാൽ കൊറോണയെന്ന മഹാമാരി എന്നെയും വീട്ടുതടങ്കലിലാക്കി. കൊറോണയുടെ വിനാശകരമായ അഴിഞ്ഞാടലിനെ തടഞ്ഞു നിർത്താൻ അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഒരു താങ്ങാവാൻ ജില്ലാ ഭരണകൂടം എന്നെയും ഒരു 'MAASH' ആക്കി.( അനേകം ഗുരുജനങ്ങൾക്കിടയിൽ ബോധവത്കരണത്തിന് നിയോഗിക്കപ്പെട്ടവരിൽ ഒരാൾ മാത്രം)

കഴിഞ്ഞദിവസം ഞങ്ങളുടെ ഡ്യൂട്ടിയുടെ ഭാഗമായി ഒരു കല്യാണവീട്ടിൽ ബോധവൽക്കരണത്തിന് പോകേണ്ടതായി വന്നു. വേഗത്തിലെത്താൻ ഒരു കുറുക്കുവഴി സ്വീകരിക്കാൻ ഞാൻ തീരുമാനിച്ചു. 'ഒരു പാടവും ഇടവഴിയും ഒരു തോടും കഴിഞ്ഞാൽ നിന്റെ ഡെസ്റ്റിനേഷൻ എത്താമെന്ന്' എൻറെ  പ്രിയതമൻ പറഞ്ഞു .
പകലോൻ അല്പം പിണങ്ങി നിന്ന ഒരു ദിവസമായിരുന്നു. അതിനാൽ ഒരു കുടയും കൈയ്യിൽ കരുതിയാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത്. കൊറോണക്കാലത്ത് അപൂർവ്വമായി മാത്രം പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന എന്നെക്കണ്ട് നാരായണിയേച്ചിയും മീന ചേച്ചിയും കുശലം പറഞ്ഞു.
"എങ്ങോട്ടായാത്ര ?
സ്കൂൾ ഉടനെയെങ്ങാനും തുറക്കുമോ?
ഉത്തരം നൽകി ഞാൻ എന്റെ ലക്ഷ്യസ്ഥാനത്തേക്ക് ചുവടുകൾ വെച്ചു. കാടുപിടിച്ചുകിടക്കുന്ന വഴിയിലൂടെ നടക്കുമ്പോൾ നേരിയ ഭയം ഉള്ളിലുണ്ടായിരുന്നു. എല്ലാം കൈലാസനാഥനിൽ സമർപ്പിച്ച് നമ:ശിവായ ചൊല്ലിക്കൊണ്ട് ഞാൻ യാത്ര തുടർന്നു. "ഞങ്ങളേം കൂട്ടിക്കോ" എന്ന് പറഞ്ഞ് പാടവരമ്പത്തെ  കുഞ്ഞു വിത്തുകായകൾ എൻറെ ഉടുപ്പിൽ പറ്റിപ്പിടിച്ചു . അവരേയും കൂട്ടി നീർച്ചാലുകൾ താണ്ടി ഞാൻ ഇടവഴിയിൽ പ്രവേശിച്ചു . മനുഷ്യ കുലത്തിന്റെ ദുരവസ്ഥ കണ്ടിട്ടാണോ എന്നറിയില്ല 'തുലാ മാനം' കണ്ണീർ പൊഴിക്കാൻ തുടങ്ങി . കുട നിവർത്തി ഞാൻ മെല്ലെ നടന്ന് തോടിനു കുറുകെയുള്ള കുഞ്ഞു പാലത്തിനരികിലെത്തി.
 അവധിക്ക് വേണ്ടി കൊതിച്ചിരുന്ന കുട്ടികൾ കൊറോണയെ ശപിച്ചു കൊണ്ട് പാലത്തിന്റെ കൈവരിയിലിരുന്ന് കൊണ്ട് മീൻ പിടിക്കുന്നുണ്ടായിരുന്നു.
  "ഏതാ ഒരു അപരിചിത " എന്ന മട്ടിൽ എന്നെ നോക്കിയ അവർക്ക് നേരെ മുഖാ വരണത്തിനുള്ളിലൂടെ ഒരു ചിരി സമ്മാനിച്ച് ഞാൻ നടന്നു. 
കല്യാണ വീട്ടിൽ ഞാനും എന്റെ സഹപ്രവർത്തകനും വേണ്ട ജാഗ്രതാ നിർദ്ദേശങ്ങളൊക്കെ നൽകി തിരിച്ചുവരാൻ നേരവും മാനം വിതുമ്പിക്കൊണ്ടേയിരിക്കുകയായിരുന്നു.
     സ്വൽപ്പം നടന്നതേയുള്ളൂ    ......
പെട്ടെന്നൊരു മുട്ടനാട് എൻറെ വഴി തടഞ്ഞു കൊണ്ട് നിന്നു .
" എങ്ങോട്ടാ?
എൻറെ അനുവാദം കൂടാതെ നീ പോകുന്നത് ഒന്ന് കാണട്ടെ"
 എന്ന് പറയുമെന്ന് തോന്നു മാറ് കൊമ്പുകുലുക്കി അവൻ എൻറെ കണ്ണുകളിലേക്ക് നോക്കി നിന്നു .
ഒരുവേള പേടിച്ചുപോയ ഞാൻ ചിന്തിച്ചു
"ഈ വഴി  പോയപ്പോൾ ഇവൻ എവിടെയായിരുന്നു?
"എന്നെ പേടിപ്പിക്കാൻ വേണ്ടി ഒളിച്ചിരുന്നത് ആയിരിക്കും"
 എൻറെ നില്പും സങ്കടവും കണ്ടിട്ടാണോ എന്നറിയില്ല കുറച്ചു സമയത്തിനു ശേഷം അവൻ എനിക്ക് വഴിയൊഴിഞ്ഞു തന്നു.
"ഇനി മേലാൽ എന്റെ മേച്ചിൽ പുറത്ത് അതിക്രമിച്ച് കയറരുത്"
 എന്ന ഒരു താക്കീത് അവന്റെ മുഖത്ത് പ്രകടമായിരുന്നു .
രക്ഷപ്പെട്ട ആശ്വാസത്തിൽ  വന്ന വഴിയെ മുന്നും പിന്നും നോക്കാതെ ഞാൻ ഓടി ..........🏃🏃🏃🏃🏃🏃
അപ്പോൾ ഞാൻ ചിന്തിച്ചത് ഒറ്റക്കയ്യൻ ഗോവിന്ദച്ചാമിയുടെ മുന്നിൽ പെട്ട സൗമ്യയെ ആയിരുന്നു.
മനുഷ്യ മുട്ടനോളം വരില്ലല്ലോ ഏതായാലും ഒരു മുട്ടനാട് .....
 ANJANA.M.R.

HST PHYSICAL SCIENCE

No comments:

Post a Comment