Tuesday 27 October 2020

വയലാർ അനുസ്മരണം


വയലാർ രാമവർമ്മ
ഓർമ്മദിനം

       "അമ്മയുടെ ജിമിക്കിക്കമ്മൽ അച്ഛനു കട്ടുകൊണ്ടുപോകാനുള്ളതാണെന്നും, അച്ഛന്റെ ബ്രാൻഡിക്കുപ്പി അമ്മയ്ക്ക് കുടിച്ചുതീർക്കാനുള്ളതാണെന്നും "എന്ന സന്ദേശം നൽകുന്ന പുതുതലമുറ ഗാന രചനയിൽ നിന്നും വ്യത്യസ്തനായ കവിയും, സിനിമ ഗാന രചയിതാവും, നാടക ഗാന രചയിതാവുമായിരുന്നു വയലാർ. സിനിമാഗാന രചന രംഗത്താണ് വയലാർ ഏറെ ശ്രദ്ധേയനായത്. 
  "ഈശ്വരനല്ല മന്ത്രികനല്ല
ഞാൻ
  പച്ച മണ്ണിൻ മനുഷ്യത്വമാണു ഞാൻ "
 എന്ന് പ്രഖ്യാപിക്കുമ്പോൾ കവിക്ക് കൂറ് മണിമന്ദിര
നിവാസികളോടല്ല, മറിച്ച് അടിസ്ഥാനവർഗ്ഗ ജനവിഭാഗങ്ങളോടും പാർശ്വവത്കരിക്കപ്പെട്ട ജനതയോടുമാണ് എന്ന് തെളിയിക്കുന്നു.  അതുകൊണ്ട് തന്നെ സാധാരണക്കാരടക്കമുള്ളവരുടെ ഹൃദയങ്ങളിൽ വയലാർക്കവിതകൾ ഇന്നും തുടിച്ചുകൊണ്ടേയിരിക്കുന്നു.
 ഭക്തിയും, തത്വശാസ്ത്രവും, പ്രണയവും, രാഷ്ട്രീയവും, പ്രകൃതിലാവണ്യവും വയലാർ കാവ്യങ്ങളിൽ ദർശിക്കാം. ഭക്തിസാന്ദ്രമായ ഒട്ടേറെ കവിതകൾ വയലാറിന്റെ തൂലികയിൽ നിന്ന് വാർന്നു വീണിട്ടുണ്ട്. എന്നാൽ വയലാർ എന്നും മനുഷ്യപക്ഷത്തായിരുന്നു. നാം തൊഴുന്ന വിഗ്രഹ നിർമ്മാണത്തിനായ് അഹോരാത്രം അധ്വാനിച്ച മനുഷ്യനെയും നാം ഓർക്കണമെന്ന് കവി നമ്മെ ഓർമ്മിപ്പിക്കുന്നു. വിവിധ മേഘലകളിൽ സങ്കുചിത രാഷ്ട്രീയം ഉൾപ്പെടെ എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ ആയുധം കൊണ്ട് ഉന്മൂലനം ചെയ്യുന്നവർക്ക്
    "വാളല്ലെൻ സമരായുധം...........
............................
കരവാളു വിറ്റൊരു മണിപൊൻ  വീണ വാങ്ങിച്ചു ഞാൻ "  - എന്ന് 'വർഗ്ഗസംഗീത "ത്തിലൂടെ കവി ദിശാബോധം നൽകുന്നു. സർഗാത്മകത, അഭിപ്രായ സ്വാതന്ത്ര്യം, എന്നീ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലൂടെ സമൂഹത്തിൽ ചലനമുണ്ടാക്കാൻ ശ്രമിച്ച വിപ്ലവ കവിയാണ് വയലാർ. ഒരേസമയം  നാസ്തികനെയും ആസ്തികനെയും നമ്മുക്ക് വയലാറിൽ കാണാം. 
        വയലാർ -ദേവരാജൻ -യേശുദാസ് സംഗീത ത്രയങ്ങളുടെ ആ ഒരു കാലഘട്ടം മലയാളികളെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും 'സർഗ്ഗസംഗീത 'മയമായി നിലകൊള്ളുന്നു.
   " മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
    മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
   മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
  മണ്ണു പങ്കുവച്ചൂ മനസ്സു
 പങ്കുവച്ചൂ "
  എന്ന് 1972 ൽ 'അച്ഛനും ബാപ്പയും' എന്ന സിനിമയ്ക്കു വേണ്ടി രചിച്ച ഗാനം ഏറെ ചോദ്യങ്ങൾ നമ്മുടെ മനസ്സുണർത്തുന്നു. മനുഷ്യ നന്മ ഉദ്‌ഘോഷിക്കുന്നവയാണ് എല്ലാ മതങ്ങളും . എന്നാൽ മതങ്ങളുടെ പേരിൽ മനുഷ്യർ തമ്മിലടിക്കുന്നു, എന്നും തെരുവിൽ മരിക്കുന്നു എന്നും കവി സങ്കടപ്പെടുന്നു.  തിന്മയെ ഉന്മൂലനം ചെയ്യുന്ന നന്മയുടെ പ്രതീകമായ അവതാരത്തെ കവി സ്വപ്നം കാണുന്നു.
          വൈരുധ്യങ്ങൾ നിറഞ്ഞതാണ് വയലാർക്കവിതകളും  ഗാനങ്ങളും  എങ്കിലും മനുഷ്യനിലും അവന്റെ പാരമ്പര്യത്തിലും സർഗ്ഗ ശേഷിയിലും കവി അഭിമാനം കൊണ്ടിരുന്നു. പ്രകൃതിലാവണ്യവും അതിനു നൽകിയ മനുഷ്യഭാവവും
 ഗാനരംഗത്ത് വർണ്ണിച്ച കവികൾ മുമ്പും പിമ്പും ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. ഒരുദാഹരണം മാത്രം. മഞ്ഞണിപ്പൂനിലാവിൽ.....
.........................................
മഞ്ഞളരച്ചു വച്ചു നീരാടുമ്പോൾ..... എന്ന ഗാനം.
   ചുരുക്കത്തിൽ വയലാർ ഒരു നല്ല ഭക്തനായിരുന്നു, നല്ല കമ്മ്യുണിസ്റ്റായിരുന്നു, പ്രകൃത്യുപാസകനായിരുന്നു, സംഗീതജ്ഞനായിരുന്നു, സാമൂഹ്യ പരിഷ്കർത്താവായിരുന്നുമത നിരപേക്ഷതയുടെ വക്താവായിരുന്നു. എല്ലാറ്റിനുമുപരി മനുഷ്യ സ്‌നേഹിയായിരുന്നു,
 'മനുഷ്യകഥാനുഗായിയായിരുന്നു'.
ഓർമ്മയ്ക്ക്‌ മുന്നിൽ പ്രണാമം. 🙏
      Sukumaran Master
 

No comments:

Post a Comment