Wednesday, 12 May 2021

നന്മ മുത്തശ്ശി

 നന്മ മുത്തശ്ശി

 കുട്ടിക്കാലം എല്ലാവരെ സംബന്ധിച്ചിടത്തോളവും ഗൃഹാതുരത്വം നിറഞ്ഞ  മനോഹരമായ ഒരു കാലമാണ് .വർഷം ഏറെ ചെന്നാലും അതിൻറെ മാധുര്യം നമ്മുടെ ഓർമ്മയിൽ ഒളിമങ്ങാതെ അവശേഷിക്കു ന്നുണ്ടാകും. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം ആണെങ്കിൽ കൂടി സൗഹൃദത്തിൻറെ സുഗന്ധം ഇപ്പോഴും മനസ്സിൽ തെളിനീരുറവയായി ഒഴുകിയിറങ്ങും.

നമ്മൾ താമസിച്ച ഓരോ നാട്ടിൻപുറങ്ങളിലും കുട്ടികൾക്ക് കൂട്ടുകൂടാൻ ഒരു പറമ്പോ പാടമോ ഉണ്ടായിരിക്കും. കൊയ്തു കഴിഞ്ഞ വിശാലമായ പാടത്തിൽ ചെറിയ കുഴികൾ കുഴിച്ച് അതിൽ അവരവർക്ക് ആവശ്യമുള്ള പച്ചക്കറികൾ നടുന്ന കൃഷിക്കാർ. പച്ചക്കറികൾ  മറ്റുള്ളവർക്ക് കൈമാറുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ. ദിവസം മുഴുവൻ കഠിനമായി ജോലി ചെയ്താലും സന്തോഷത്തിന് ഒരു കുറവും ഇല്ലാതിരുന്ന ഒരു നല്ല കാലം . അസുഖങ്ങൾ കാര്യമായി ഒന്നും പറഞ്ഞു കേൾക്കാറില്ല. പാടത്തും പറമ്പിലും ഉള്ള ജോലികൾക്ക് പുറമേ പശുവിനെ നോക്കലും പ്രധാന പ്രവർത്തനങ്ങൾ. പാടത്തിൽ പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തിനപ്പുറം വിശാലമായ നെൽവയലിൽ കൊയ്ത്തു കഴിഞ്ഞു നെല്ലിൻറെ കുറ്റികൾ മൊട്ട യാക്കിയ തലയിൽ ചെറു രോമങ്ങൾ വളരുന്നത് പോലെ കാണാം. ചെരുപ്പിടാത്തകാലുകൊണ്ട് അതിലൂടെ നടക്കാൻ  അന്ന് ഒരു പ്രയാസവും ഉണ്ടായില്ല. ഈ നെൽ വയലിൻ്റെ വശങ്ങളിൽ വളരെ ഉയരത്തിൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന കൂറ്റൻ മാവുകൾ ഓരോ കുട്ടി കൂട്ടത്തിൻ്റെയും അഭയകേന്ദ്രങ്ങളാണ്. രാവിലത്തെ ഭക്ഷണം കഴിച്ചെത്തുന്ന കുട്ടികളുടെ പ്രധാന കേളിയിനം  പന്തുകളി ആണ് .മട്ടലും മരക്കമ്പും ഉപയോഗിച്ചുള്ള  ക്രിക്കറ്റ് കളിയും കാണാം.  അതിനുംമുമ്പ്  കണ്ടേറ്, കുട്ടിയും കോലും എന്നുപറയുന്ന കളികൾക്ക് ആയിരുന്നു പ്രാമുഖ്യം. നല്ല നിരപ്പായ പറമ്പ് ആണെങ്കിൽ ഗോലി കളി യെന്ന കോട്ടികളിയിലും പെൺകുട്ടികളാണെങ്കിൽ കോട്ടം വരഞ്ഞുള്ള സെറ്റ് കളിയിലും ചെറിയ ഉരുളൻ കല്ലുകൾ ഉപയോഗിച്ചുള്ള കൊത്തം കല്ല് കളിയിലും  വ്യാപൃതരായിട്ടുണ്ടാകും. മാർച്ച് മാസത്തെ പൊതു പരീക്ഷക്കു ശേഷം രണ്ടുമാസം സമ്പൂർണ്ണമായും കളികൾക്ക് വേണ്ടി മാറ്റിവെയ്ക്കപ്പെടുന്ന ഒരു കുട്ടിക്കാലം ഏവർക്കും ഉണ്ടായിരുന്നു. അടുത്തുള്ള വായനശാലയിൽ നിന്നും എടുക്കുന്ന നോവൽ പുതിയ ജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ആസ്വാദ്യകരമായ അനുഭവങ്ങളായിരുന്നു. 'പോയി പഠിക്ക് ' എന്ന് പറയുന്ന ഒരു കാര്യം ആ രണ്ടുമാസം ഉണ്ടായിരുന്നില്ല. ആൺ കുട്ടികളും പെൺ കുട്ടികളും ഒന്നായി കളിക്കാൻ എത്തുമായിരുന്നു. കളിച്ചു ക്ഷീണിക്കുമ്പോൾ കുട്ടികൾ ഒന്നായി മാഞ്ചോട്ടിൽ എത്തും. മണ്ണിൽനിന്നും ജലവും ലവണങ്ങളും വലിച്ചെടുത്തു സൂര്യദേവൻ്റെ ഇന്ധനം ഉപയോഗിച്ച് മധുരമായ ഭക്ഷണം ഓരോരോ മാവും തയ്യാറാക്കി വച്ചിട്ടുണ്ടാകും .ഇത് പഴമകളോളം പറഞ്ഞു കേട്ട ഒന്നാണ്. അച്ഛനും വലിയച്ഛനും ഒക്കെ കളിച്ചു വളർന്നത് ആ മാവിൻ ചുവട്ടിൽ ആയിരിക്കും . പാടത്തിൻ്റെ ഓരത്തുള്ള  ഓരോ മാവിൻ്റെയും  മാങ്ങകൾ വ്യത്യസ്തമായിരിക്കും. കപ്പക്കായ മാങ്ങ, ഗോമാങ്ങ എന്നിവയ്ക്കുപുറമേ വലിപ്പത്തിലും നിറത്തിലും രുചിയിലും വ്യത്യസ്തങ്ങളായ നിരവധി നാടൻ മാവിനങ്ങൾ അന്ന് നമ്മുടെ നാട്ടിൽ സുലഭമായി ഉണ്ടായിരുന്നു .മാവിനങ്ങളിൽ വലിപ്പം കൂടുതൽ കാണുന്നത് കപ്പക്കായ മാവിനും ഈമ്പി ക്കുടിയൻ മാവിനുമായിരുന്നു. ഏറ്റവും വ്യത്യസ്തനായ ഒരു മാവിനമായിരുന്നു മഞ്ഞ മാങ്ങ . പേര് സൂചിപ്പിക്കുന്നതുപോലെ പഴുത്താൽ നല്ല മഞ്ഞനിറമുള്ള  തൊലിയോടു കൂടിയ ഈ മാവ് പറമ്പിനോട് ചേർന്നുള്ള കുളത്തിന് സമീപത്താണ് ഉണ്ടായിരുന്നത് .ഇത് ആരാണ് നട്ടത് എന്ന് അറിയില്ല.  അസാധാരണമായ ഒരു രുചി വകഭേദം നാവിൽ ഒരുക്കാൻ ഈ മാങ്ങക്ക് സാധിച്ചിരുന്നു. ഒരു കൈപ്പത്തിയുടെ പകുതിവരെ വലിപ്പത്തിൽ, നീളത്തിൽ വളരുന്ന ഈ മാങ്ങാ ഞാൻ മറ്റെവിടെയും കണ്ടിട്ടില്ല. പഴുക്കുമ്പോൾ ഇതിന് ക്രമേണ സ്വർണ്ണനിറമായി വരും.ഇതിൻ്റെ ഞെട്ടിന് വളരെ ഉറപ്പാണ് .നന്നായി പഴുത്താൽ മാത്രം ഇവ താഴെ വീഴും .കിട്ടിയ ഉടനെ ഒന്ന് തുടച്ച് ഞെട്ടിൻ്റെ ഭാഗം കടിച്ചു തുപ്പിയോ ,അല്ലെങ്കിൽ കൂർത്ത ഭാഗത്തിലെ തോൽ കടിച്ചു മാറ്റിയോ അത് ഈമ്പി കുടിക്കാൻ തുടങ്ങും. കൈയ്യിലുടെ മാങ്ങ ച്ചാറ് ഒഴുകി താഴേക്കെത്തും .അത് കുടിക്കാനായി നിരവധി ജീവജാലങ്ങൾ താഴെ കാത്തു നിൽപ്പുണ്ടാകും.ഈ മാങ്ങയ്ക്ക് നീര് കൂടുതലും നാര് കുറവും ആണ്. മാങ്ങയുടെ പകുതിയോളം മാത്രമേ നമ്മൾ കുട്ടികൾക്ക് ലഭിക്കാറുള്ളൂ .ബാക്കി ഭൂരിഭാഗവും അണ്ണാനും പക്ഷികളും വവ്വാലുകളും പങ്കിട്ടെടുക്കും. അണ്ണാൻ കടിച്ചിട്ട മാങ്ങയുടെ ബാക്കി ഭാഗത്തിനും നിരവധിപേർ കാത്തു നിൽപ്പുണ്ടാവും. നിരവധി ഉറുമ്പുകളും തേനീച്ചകളും മറ്റ് ഈച്ചകളും  അവസാനം ചിതലുകൾപോലും ഇവയുടെ ഉപഭോക്താക്കളാണ്. ഏകദേശം ഒരാഴ്ച കഴിയുമ്പോഴേക്കും മാങ്ങയണ്ടി നല്ല വെളുത്ത നിറത്തിൽ ആയിട്ടുണ്ടാകും. പ്രകൃതിയമ്മ തൻ്റെ ഓരോ വിഭവങ്ങളും ഉണ്ടാക്കുന്നത് തൻ്റെ നിരവധി  മക്കൾക്ക് വേണ്ടിയാണ്‌.മനുഷ്യൻ, വവ്വാലുകൾ ,നിരവധി പക്ഷി ജാലങ്ങൾ, ഉറുമ്പുകൾ, ചിതലുകൾ, ബാക്ടീരിയ തുടങ്ങിയവയ്ക്ക് വേണ്ടി .മറ്റുള്ളവർക്ക് കൊടുക്കാതെ അവ മുഴുവൻ പറിച്ച് കമ്പോളത്തിൽ കൊണ്ടു വിൽക്കുകയോ അല്ലെങ്കിൽ സ്വയം ആഹാരം ആക്കുകയോ ചെയ്യുമ്പോൾ ആ മാവ് ഏറെ ദുഃഖിക്കുന്നുണ്ടാകും.

 മറ്റൊരു പ്രധാന ഇനം ഈമ്പി ക്കുടിയൻ എന്നറിയപ്പെടുന്ന ഉപ്പിലിടുന്ന മാങ്ങയാണ്.  വലിപ്പം പൊതുവേ കുറവാണ് ഇതിന്. സാധാരണയായി കണ്ണി മാങ്ങ ഉപ്പിലിടുന്നത് പതിവുണ്ട്. വളർന്ന് പാകമാകുമ്പോൾ രുചിയുടെ വ്യത്യസ്തമാർന്ന രസമുകുളങ്ങൾ ഒരുക്കാൻ ഇവയ്ക്ക് കഴിയാറുണ്ട് .ചെന കുറച്ച് അധികം ഉള്ള  ഇത്തരം മാങ്ങകൾ മധുരത്തോടൊപ്പം പുളി രുചിയും സമ്മാനിക്കുന്നു. ഗ്ലൂക്കോസിനോടൊപ്പം ജീവകങ്ങളുടെ ഒരു വലിയ കലവറയാണ് ഇത്തരം മാങ്ങകൾ. കല്ലെറിഞ്ഞാൽ പോലും എത്താത്ത ആകാശ കൂടാരങ്ങളിൽ ആണ് ഈ മാങ്ങകൾ പൊതുവേ കാണുക. കാറ്റുവീശുമ്പോഴോ , അണ്ണാറക്കണ്ണൻ ആ ഹരിക്കാനായി  മാവിൻകൊമ്പിൽ കൂടി തത്തി തത്തി നടക്കുമ്പോഴോ താഴെ വീഴുന്ന ഈ മാങ്ങ പെറുക്കിയെടുക്കാൻ കുട്ടികൾ തമ്മിൽ മത്സരം ആയിരിക്കും. മാവിൻ ചോട്ടിൽ കളിക്കുന്നവരുടെ തലയിൽ ഒരിക്കലും അത് വീണില്ല എന്നത് ഒരു അത്ഭുതമാണ്.

 നമ്മുടെ വയലോരത്ത് ഉണ്ടായിരുന്ന  മറ്റൊരു മുത്തശ്ശി മാവാണ് കപ്പ കായ മാവ് .വളരെ ഉയരത്തിൽ ആകാശംമുട്ടെ വളർന്ന ഇതിൽ നിറയെ മാങ്ങകൾ തൂങ്ങി നിൽപ്പുണ്ടാകും. ചില  മാങ്ങയിൽ പുഴുക്കൾ ഉണ്ടാകാറുണ്ടെങ്കിലും ഞങ്ങളുടെ പറമ്പിൽ വളർന്നവയിൽ പുഴുക്കൾ ഉണ്ടായിരുന്നില്ല. ഇതിനെ പച്ച മധുരൻ എന്നും പറയാറുണ്ട്. പച്ചമാങ്ങ എറിഞ്ഞിട്ട് കല്ലുകൊണ്ട് കുത്തിപ്പൊട്ടിച്ചു വീട്ടിൽ നിന്നും പൊതിഞ്ഞു കൊണ്ടുവന്ന കല്ലുപ്പ് മുക്കിതിന്നുമ്പോൾ ഉള്ള രുചി  ഒന്ന് വേറെ തന്നെ .കട്ടിയുള്ള തോൽ ഇതിൻ്റെ ഒരു പ്രത്യേകതയാണ്.മരം നിറയെ വിണ്ടുകീറി യിട്ടുണ്ടാവും. അതിലൂടെ ചോണനുറുമ്പും കട്ടുറുമ്പും ജാഥയായി മുകളിലേക്ക് പോണോ താഴേക്ക് പോണോ എന്നറിയാതെ ഉഴറി വേഗത്തിൽ നടക്കുന്നത് കാണാം. പഴുത്ത മാങ്ങയ്ക്ക് പഞ്ചസാര യുടെ രുചിയാണ് .സാധാരണ മാർക്കറ്റിൽ ഇതിന് വലിയ പ്രിയം ഒന്നും ഇല്ലെങ്കിലും കുട്ടികളുടെ കമ്പോളത്തിൽ ഇതിന് വലിയ ഡിമാൻഡാണ്. തൊലിയോടെ കടിച്ചു തിന്നാൽ വിശപ്പ് മാറിക്കിട്ടും.

 അമ്മമാർ ഈ മാങ്ങകൾ ശേഖരിച്ച് വൈവിധ്യമാർന്ന നിരവധി വിഭവങ്ങൾ ഉണ്ടാക്കാറുണ്ട് .പഴുത്തമാങ്ങ പുളിശ്ശേരി, മാങ്ങ മുറിച്ചുണ്ടാക്കിയ പെരക്ക് , പഴുത്ത മാങ്ങ മുഴുവനായും തോലുകളഞ്ഞ് പറങ്കി വറുത്ത് ചേർത്ത പെരക്ക് തുടങ്ങിയവ അവയിൽ ചിലതാണ്. പച്ചമാങ്ങയും കറികൾക്കായി ഉപയോഗിക്കാറുണ്ട്. പച്ചമാങ്ങ പുളിക്കായി ചേർത്തുള്ള വിഭവങ്ങൾ, മാങ്ങയും കയ്പ്പക്കയും ചക്കക്കുരുവും ചേർത്തുള്ള വറവ് എന്നിവ ഇക്കാലത്ത് പതിവാണ് .

ഒരു വലിയ മാവ് എന്നത്  ജൈവവൈവിധ്യത്തിൻ്റെ  ഒരു കലവറയാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ നിരവധി ജീവ സമൂഹങ്ങളെ അതിൽ കാണാം. ചെറിയ ഉറുമ്പു മുതൽ മനോഹരങ്ങളായ പക്ഷികൾ വരെ അതിനെ ആശ്രയിച്ചു കഴിയുന്നു .ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് അന്നമൂട്ടുന്ന  ഇത്തരം മരമുത്തശ്ശിമാർ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു .ശവമടക്കിന് ആദ്യം അന്വേഷിക്കുന്നത് മാവാണ്. സാമ്പത്തികശാസ്ത്രം നോക്കുമ്പോൾ മാവിൻ്റെ തടിക്ക് വില കുറവായിരിക്കാം. എന്നാൽ ഓരോ മാവും പ്രദാനം ചെയ്യുന്ന പ്രാണവായുവിൻ്റെ അളവിന് പകരം നൽകാൻ ആവില്ല. കൂടാതെ ഓരോ മാവും ജൈവ വൈവിധ്യത്തിൻ്റെ ഓരോ കണ്ണികളാണ്. അവ ഇല്ലാതാകുമ്പോൾ അരങ്ങൊഴിയുന്നത് ഓരോ ആവാസവ്യവസ്ഥ കൂടിയാണ്, സംസ്കാരത്തിൻ്റെ കൂടിച്ചേരലുകൾ ആണ്. നാടിൻ്റെ ഈ നന്മ മുത്തശ്ശിമാരെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിൽ നമ്മൾക്കോ രോരുത്തർക്കും കൈകോർക്കാം.

                                             K.  JAYACHANDRAN MASTER


ദൃശ്യാവിഷ്ക്കാരം🙏


No comments:

Post a Comment