Saturday 3 September 2022


 1893ലെ പകൽ ബാലരാമപുരത്ത് രാജപാതയിൽ കിലുങ്ങിയ കുടമണികൾ കുടഞ്ഞെറിഞ്ഞത് രാജാധിപത്യത്തിന്റെ നിയമനിഷേധം. സവർണർ മാത്രം സഞ്ചരിച്ച രാജപാതയിൽ വില്ലുവണ്ടിയിൽ യാത്രചെയ്ത അയ്യൻകാളി എന്ന ചെറുപ്പക്കാരൻ കാളകളെ തെളിച്ചത് ചരിത്രത്തിലേക്ക്. തിരുവിതാംകൂറിലെ രാജപാതയിൽ അടിമകൾക്ക് വഴിനടക്കാനുള്ള അവകാശത്തിനായി നടത്തിയ പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണ് പ്രസിദ്ധമായ വില്ലുവണ്ടി യാത്ര.


സഞ്ചാരസ്വാതന്ത്യ്രത്തിനായുള്ള സമരമായിരുന്നെങ്കിലും അത് നിയമലംഘനസമരമായിരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. ബ്രിട്ടീഷ്നിയന്ത്രിത തിരുവിതാംകൂറിൽ 1865ൽ എല്ലാവിഭാഗം ജനങ്ങൾക്കും പൊതുനിരത്തിൽ ചക്രം പിടിപ്പിച്ച വാഹനത്തിൽ സഞ്ചരിക്കാൻ അനുമതി നൽകി ഉത്തരവിറക്കിയിരുന്നു. പിന്നീട് 1870ൽ എല്ലാവഴികളും എല്ലാവിഭാഗം ജനങ്ങൾക്കും നിരുപാധികം ഉപയോഗിക്കാൻ അനുമതിനൽകി. എന്നാൽ രാജപാതയിൽ അവർണർക്ക് നടക്കാൻ കഴിഞ്ഞിരുന്നില്ല. ഈ അവകാശം നിയമപരമായി സ്ഥാപിച്ചുകിട്ടുന്നതിനായിരുന്നു അയ്യൻ കാളിയുടെ വില്ലുവണ്ടി യാത്ര. 1888ലെ അരുവിപ്പുറം പ്രതിഷ്ഠയെത്തുടർന്ന് സമൂഹത്തിനുണ്ടായ പുതിയ അവബോധമാണ് അയ്യൻ കാളി എന്ന ചെറുപ്പക്കാരനെ പോരാട്ടത്തിന്റെ പാതയിലേക്ക് നയിച്ചത്.


സർക്കാർ കണക്കനുസരിച്ച് അക്കാലത്ത് തിരുവിതാംകൂറിൽ 1.67 ലക്ഷം അടിമകൾ ഉണ്ടായിരുന്നു. ഇവരെ അയ്യൻകാളി സാധുജനങ്ങൾ എന്നുവിളിച്ചു. ഇവരിൽ ഭൂരിപക്ഷവും പുലയ സമുദായാംഗങ്ങളായിരുന്നു. നാട്ടിലെ നിയമം സാധുജനങ്ങൾ ക്ക് പ്രാപ്യമാക്കാൻ വേണ്ടിയാണ് അയ്യൻ കാളി രംഗത്തിറങ്ങിയത്.


അക്കാലത്ത് വില്ലുവച്ച കാളവണ്ടി ഉപയോഗിക്കാൻ സവർണർക്കുമാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. അയ്യൻ കാളി നാഗർകോവിലിൽ നിന്ന് വില്ലുവണ്ടി വിലയ്ക്ക് വാങ്ങി വെങ്ങാനൂരിൽ നിന്ന് ആറാലുംമൂട് ചന്തയിലേക്കും തിരിച്ച് വെങ്ങാനൂരിലേക്കും യാത്രചെയ്തു. ഇതിന്റെ തുടർച്ചയായി വണ്ടി ഉപേക്ഷിച്ച് രാജപാതയിലൂടെ വെങ്ങാനൂരിൽ നിന്ന് ആറാലുംമൂട് ചന്തയിലേക്ക് പദയാത്ര നടത്തി. ഈ പദയാത്ര ചാലിയത്തെരുവിൽ ആക്രമിക്കപ്പെട്ടു.


രാജാവിന്റെ നെയ്ത്തുകാരായ ചാലിയ സമുദായക്കാർ താമസിച്ച തെരുവിലൂടെയായിരുന്നു പദയാത്ര. രാജാവിനെ ആക്രമിക്കാനാണ് സംഘംചേർന്ന് വരുന്നതെന്ന് ചാലിയ സമുദായത്തിനിടയിൽ കുപ്രചാരണം നടത്തിയതിനെത്തുടർന്നാണ് ആക്രമിക്കപ്പെട്ടത്. ഇതേത്തുടർന്ന് ബാലരാമപുരം, വെങ്ങാനൂർ മേഖലയിൽ തുടർച്ചയായ സംഘർഷങ്ങളുണ്ടായി. അയിത്തജാതിക്കാരുടെ താമസ സ്ഥലങ്ങൾ സവർണർ ആക്രമിച്ചു. തിരിച്ച് സവർണർ ക്കുനേരെയും ആക്രമണങ്ങൾ നടന്നു. ജാതിവിവേചനത്തിനെതിരെ കേരളത്തിൽ നടന്ന അതിശക്തമായ സമരങ്ങളിലൊന്നായി വില്ലുവണ്ടി സമരം അടയാളപ്പെട്ടു.

                                                               EASWARAN K M

                                                                       HST MALAYALAM

No comments:

Post a Comment