Thursday, 28 October 2021

പ്രിയ വിദ്യാർത്ഥികളെ, രക്ഷിതാക്കളെ, വലിയൊരു ഇടവേളയ്ക്കു ശേഷം നവംബർ ഒന്നുമുതൽ വിദ്യാലയാന്തരീക്ഷം വീണ്ടും സജീവമാവുകയാണല്ലൊ? കോവിഡ് കാലത്തെ സമ്മർദ്ദങ്ങളിലൂടെ കടന്നു വന്ന കുട്ടികൾക്ക് വിദ്യാലയാന്തരീക്ഷത്തിൻ്റെ ചിട്ടവട്ടങ്ങളുമായി പൊരുത്തപ്പെടാൻ അൽപ്പം സമയമെടുക്കുമെന്നറിയാം. അതുകൂടി കണക്കിലെടുത്തു കൊണ്ടാണ് ആദ്യത്തെ രണ്ടാഴ്ച യൂണിഫോം നിർബന്ധമാക്കേണ്ടതില്ല എന്ന നിലപാട് അനുഭാവപൂർവ്വം സർക്കാർ സ്വീകരിച്ചത്.അതുകൊണ്ടുതന്നെ ആദ്യത്തെ രണ്ടാഴ്ച നിങ്ങൾക്ക് കളർ ഡ്രസ് ധരിച്ച് സ്ക്കൂളിലേക്ക് വരാവുന്നതാണ്. എങ്കിലും 'യൂണിഫോം എന്നത് "എല്ലാവരും ഒരുപോലെ " എന്ന ഏറ്റവും മഹത്തായ ആശയമാണ് പ്രതിഫലിപ്പിക്കുന്നത് എന്ന് നിങ്ങളോരോരുത്തർക്കും അറിയാമല്ലൊ. അതു മാത്രമല്ല ,വിദ്യാലയ അച്ചടക്കത്തിൻ്റെ അവിഭാജ്യ ഘടകം കൂടിയാണ് യൂണിഫോം. അതു കൊണ്ട് ഗവൺമെൻ്റ് നിർദ്ദേശപ്രകാരം ആദ്യ രണ്ടാഴ്ച കളർ ഡ്രസ് ധരിച്ചു വരാവുന്നതും ആ സമയം കൊണ്ട് യൂണിഫോം തയ്പ്പിച്ച് സ്ക്കൂളിലെ അച്ചടക്കത്തിൻ്റെയും ഒരുമയുടെയും ആശയം ഉയർത്തിപ്പിടിക്കാവുന്നതുമാണ്. നീലയും വെള്ളയുമാണ് നമ്മുടെ യൂണിഫോമിൻ്റെ നിറം. തയ്പ്പിക്കേണ്ടതിൻ്റെ മാതൃക ഇതോടൊപ്പം ചേർക്കുന്നു. താഴെപ്പറയുന്ന നിർദ്ദേശങ്ങൾ കൂടി വായിക്കുക. 1. കളർ ഡ്രസ് നിർബന്ധമാണ് എന്നല്ല സർക്കാർ പറഞ്ഞത് എന്ന് പ്രത്യേകം മനസ്സിലാക്കുക.യൂണിഫോമിൻ്റെ ചിട്ടവട്ടങ്ങളുമായി പൊരുത്തപ്പെടാൻ നിങ്ങൾക്ക് സമയം നൽകുകയാണ്. യൂണിഫോം ഉള്ള കുട്ടികൾക്ക് അത് ധരിക്കണമെന്നാണ് താൽപ്പര്യമെങ്കിൽ തീർച്ചയായും ധരിക്കാം. 2. ആഴ്ചയിൽ തുടർച്ചയായ 3 ദിവസമാണ് നവം.15 മുതൽ ക്ലാസ്സ് ഉണ്ടാവുക.. രണ്ടാഴ്ചയ്ക്കുശേഷം രണ്ടു ദിവസം യൂണിഫോം, ഒരു ദിവസം കളർ ഡ്രസ് എന്ന രീതിയിൽ നിങ്ങൾക്ക് വരാം. അതു കൊണ്ടു തന്നെ ഒരു സെറ്റ് യൂണിഫോം മാത്രം വാങ്ങിയാൽ മതിയാകും. 3. കളർ ഡ്രസ് ധരിച്ചു വരുമ്പോൾ സ്ക്കൂൾ അച്ചടക്കത്തിനും അന്തസ്സിനുമനുസരിച്ചുള്ള ഏറ്റവും മാന്യമായ വസ്ത്രധാരണമായിരിക്കണം. ഇറുകിയ വേഷങ്ങൾ, ഇറക്കം കുറഞ്ഞ പാൻ്റുകൾ, സ്ലീവ് ലെസ്സ് ടോപ്പുകൾ, ടീ ഷർട്ടുകൾ, ഇതൊക്കെ ഒഴിവാക്കുമല്ലൊ. 4. പുതിയ ഡ്രസ് വേണമെന്ന് രക്ഷിതാക്കളോട് വാശി പിടിക്കാതിരിക്കുക. ഇപ്പോഴുള്ളതു തന്നെ ധരിച്ചു വരാൻ ശ്രദ്ധിക്കുക. മാറി മാറിയുടുക്കാൻ വില കൂടിയ വസ്ത്രങ്ങളില്ലാത്ത സാധാരണക്കാരായ കുട്ടികൾ കൂടി നമ്മുടെ വിദ്യാലയത്തിലുണ്ടെന്ന് ഓർക്കുക. 5.വിലയിലും പകിട്ടിലുമല്ല, മാന്യമായ രീതിയിൽ വസ്ത്രം ധരിക്കുക എന്നതിലാണ് കാര്യമെന്ന് അറിയുക. മിതത്വം പാലിക്കുക. ആദ്യത്തെ രണ്ടാഴ്ച കുട്ടികളുടെ മനസ്സ് വിദ്യാലയവുമായി പൊരുത്തപ്പെടട്ടെ. അതു കഴിഞ്ഞ് യൂണിഫോമൊക്കെ ധരിച്ച് മിടുക്കരായി നമുക്ക് സ്ക്കൂളിൽ വരാം. അല്ലെ? ആശംസകൾ❤️ ഹൃദയപൂർവ്വം സ്റ്റാഫ്, പി.ടി.എ

No comments:

Post a Comment