Thursday, 28 October 2021
ചെറുവത്തൂർ: നവംബർ 1 ന് വിദ്യാലയം തുറക്കുന്നതിൻ്റെ മുന്നോടിയായി ഗവ:ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിലെ പഠന മുറികൾ അണുവിമുക്തമാക്കി. പിടിഎ യുടെയും എസ് എം സി യുടെയും നേതൃത്വത്തിൽ മുഴുവൻ ക്ലാസ്സ് മുറികളും ഇതോടെ പഠന സജ്ജമായി.
ചെറുവത്തൂരിലെ ജൂപ്പിറ്റർ ഡ്രഗ്സ് ആൻ്റ് സർജിക്കൽസ് ഉടമ എം.ബി. വിനോദിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് അണു ശുചീകരണത്തിന് ചുക്കാൻ പിടിച്ചത്. പി ടി എ പ്രസിഡൻ്റ് എം രാജൻ, പ്രിൻസിപ്പൽ ടി സുമതി, പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
🗞️Fourth Estate News🧾
മേഘങ്ങൾ തോന്നിപ്പിക്കുന്നത്.
മേഘങ്ങൾ തോന്നിപ്പിക്കുന്നത്.
കഥ ..... വത്സരാജൻ കട്ടച്ചേരി .
ജനാലയിലൂടെ ആകാശം കാണാം.... ഭാഗ്യം .....പിന്നെ വൈകുന്നേരം മൈതാനത്തിലൂടെ സൈക്കിളോടിക്കുന്ന കുട്ടികളേയും ....അതിൽ അവളുടെ മക്കളേയും കാണാം ... വലിയൊരാശ്വാസം🙏. നാലു ദിവസമായി ചങ്ങലയിൽ തളച്ചിട്ടിരിക്കുന്നതു പോലെ റൂമിനകത്ത് ... കാരാഗൃഹ ജീവിതം ...
ജനൽ കമ്പിയിൽ മുഖമമർത്തി നിൽക്കുമ്പോൾ പഞ്ചാഗ്നി സിനിമയിലെ സീൻ തെളിഞ്ഞു.
ബെല്ലടിക്കുമ്പോൾ പാത്രം കഴുകിയെടുത്ത് കൊണ്ടു വെക്കണം. ഭക്ഷണം അതിലേക്കിട്ട് ജീവനും കൊണ്ടോടുന്ന കാരുണ്യം. മറ്റുള്ളവർക്ക് വരാതിരിക്കാനുള്ള ജാഗ്രതയെന്നു കരുതി നെടുവീർപ്പിടുന്ന നിമിഷങ്ങൾ.
പിന്നെ പുസ്തകങ്ങളും സോഷ്യൽ മീഡിയാസിന്റെ വാതിൽ തുറന്നു വരുന്ന സുഹൃത്തക്കളും കൂട്ടായി ...... എന്നാലും വിരസത .... നിസ്സംഗത... നിസ്സാഹയത........ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അത് കണ്ണൂർ നടനകലാക്ഷേത്രത്തിന്റെ നൃത്ത സംഗീത പുരാണ നാടകത്തിലെ അതിർത്തിയിൽ യുദ്ധം ഉണ്ടാകുമ്പോൾ രാജാവ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതുപോലെ തോന്നിച്ചു.
രാവിലെ തൊഴിലുറപ്പിന് പോകുന്ന പെണ്ണുങ്ങൾ ... വീടിന്റെ അരികിലൂടെ പോകുമ്പോൾ പരിഭ്രമിച്ചോടുന്ന കാഴ്ച അശ്വമേധം നാടകം ഓർമ്മിപ്പിച്ചു.
രാത്രിയിൽ ആകാശത്ത് കറുത്ത മേഘങ്ങൾ നീന്തൽ മത്സരം നടത്തുന്നതും ശ്വാസമെടുക്കാൻ കുളത്തിൽ നിന്ന് ഇടയ്ക്കിടയ്ക്ക് മുകളിലോട്ട് പൊങ്ങി വരുന്നതു പോലെ നക്ഷത്രക്കുട്ടികളും ചന്ദ്രനും .....
മനസ്സിൽ അസ്വസ്ഥതയുടെ കനലെരിയുമ്പോഴും തണുത്ത കാറ്റ് ആഞ്ഞു വീശി ....പിന്നെ മഴ ... ഇടിമിന്നലോടു കൂടിയ മഴ ...
ജനലടച്ചു ..... വിളക്കുകളെല്ലാം അണഞ്ഞ ഗ്രാമം മുത്തശ്ശി കഥയിൽ നിന്ന് ഇറങ്ങി വന്ന പ്രേതത്തെപോലെ ......
ഇതൊരു സാധാരണ അസുഖമാ.... ജലദോഷം പോലെ ....പേടിക്കേണ്ട കാര്യമൊന്നുമില്ല ................... പക്ഷെ രോഗമുണ്ടാക്കുന്ന അവഗണനയുണ്ടല്ലോ അത് കടുത്തതാണ് ... താങ്ങാൻ പറ്റില്ല ചിലപ്പോൾ ...................
ബസ്സ് യാത്രയിൽ കൂട്ടായി വന്നതാണ്... സാധാരണ KRTC ഡിപ്പോയിൽ പോയാണ് ബസ്സ് കയറാറുള്ളത്. പക്ഷെ അന്ന് ഓഫീസിൽ ജോലി അധികമായതിനാൽ വഴിയിൽ വെച്ച് കയറി ... നല്ല തിരക്ക് ..... വെറുതെ ഓർത്തു പോയി ........
വാതിലടച്ചു കിടന്നു .... ഉറക്കത്തിലേക്ക് മെല്ലെ ഒഴുകി ... കൂടാരം പോലെ നീലാകാശം തെളിഞ്ഞു ....എല്ലാ കോണിൽ നിന്നും വിവിധ രൂപത്തിലും നിറത്തിലുമുള്ള മേഘങ്ങൾ ഒരു ചലച്ചിത്രത്തിലെന്നപോലെ ..... അതിന് കൊമ്പുകൾ വന്നു ..... മുള്ളുകൾ വന്നു ...പിന്നെ അവ പരസ്പരം മത്സരിച്ചു ..... ഉറക്കത്തിൽ ഞെട്ടിയുണർന്നു .... തോന്നലാണോ .... 🙏🙏
പ്രിയ വിദ്യാർത്ഥികളെ, രക്ഷിതാക്കളെ,
വലിയൊരു ഇടവേളയ്ക്കു ശേഷം നവംബർ ഒന്നുമുതൽ വിദ്യാലയാന്തരീക്ഷം വീണ്ടും സജീവമാവുകയാണല്ലൊ? കോവിഡ് കാലത്തെ സമ്മർദ്ദങ്ങളിലൂടെ കടന്നു വന്ന കുട്ടികൾക്ക് വിദ്യാലയാന്തരീക്ഷത്തിൻ്റെ ചിട്ടവട്ടങ്ങളുമായി പൊരുത്തപ്പെടാൻ അൽപ്പം സമയമെടുക്കുമെന്നറിയാം. അതുകൂടി കണക്കിലെടുത്തു കൊണ്ടാണ് ആദ്യത്തെ രണ്ടാഴ്ച യൂണിഫോം നിർബന്ധമാക്കേണ്ടതില്ല എന്ന നിലപാട് അനുഭാവപൂർവ്വം സർക്കാർ സ്വീകരിച്ചത്.അതുകൊണ്ടുതന്നെ ആദ്യത്തെ രണ്ടാഴ്ച നിങ്ങൾക്ക് കളർ ഡ്രസ് ധരിച്ച് സ്ക്കൂളിലേക്ക് വരാവുന്നതാണ്. എങ്കിലും 'യൂണിഫോം എന്നത് "എല്ലാവരും ഒരുപോലെ " എന്ന ഏറ്റവും മഹത്തായ ആശയമാണ് പ്രതിഫലിപ്പിക്കുന്നത് എന്ന് നിങ്ങളോരോരുത്തർക്കും അറിയാമല്ലൊ. അതു മാത്രമല്ല ,വിദ്യാലയ അച്ചടക്കത്തിൻ്റെ അവിഭാജ്യ ഘടകം കൂടിയാണ് യൂണിഫോം. അതു കൊണ്ട് ഗവൺമെൻ്റ് നിർദ്ദേശപ്രകാരം ആദ്യ രണ്ടാഴ്ച കളർ ഡ്രസ് ധരിച്ചു വരാവുന്നതും ആ സമയം കൊണ്ട് യൂണിഫോം തയ്പ്പിച്ച് സ്ക്കൂളിലെ അച്ചടക്കത്തിൻ്റെയും ഒരുമയുടെയും ആശയം ഉയർത്തിപ്പിടിക്കാവുന്നതുമാണ്.
നീലയും വെള്ളയുമാണ് നമ്മുടെ യൂണിഫോമിൻ്റെ നിറം. തയ്പ്പിക്കേണ്ടതിൻ്റെ മാതൃക ഇതോടൊപ്പം ചേർക്കുന്നു.
താഴെപ്പറയുന്ന നിർദ്ദേശങ്ങൾ കൂടി വായിക്കുക.
1. കളർ ഡ്രസ് നിർബന്ധമാണ് എന്നല്ല സർക്കാർ പറഞ്ഞത് എന്ന് പ്രത്യേകം മനസ്സിലാക്കുക.യൂണിഫോമിൻ്റെ ചിട്ടവട്ടങ്ങളുമായി പൊരുത്തപ്പെടാൻ നിങ്ങൾക്ക് സമയം നൽകുകയാണ്. യൂണിഫോം ഉള്ള കുട്ടികൾക്ക് അത് ധരിക്കണമെന്നാണ് താൽപ്പര്യമെങ്കിൽ തീർച്ചയായും ധരിക്കാം.
2. ആഴ്ചയിൽ തുടർച്ചയായ 3 ദിവസമാണ് നവം.15 മുതൽ ക്ലാസ്സ് ഉണ്ടാവുക.. രണ്ടാഴ്ചയ്ക്കുശേഷം രണ്ടു ദിവസം യൂണിഫോം, ഒരു ദിവസം കളർ ഡ്രസ് എന്ന രീതിയിൽ നിങ്ങൾക്ക് വരാം. അതു കൊണ്ടു തന്നെ ഒരു സെറ്റ് യൂണിഫോം മാത്രം വാങ്ങിയാൽ മതിയാകും.
3. കളർ ഡ്രസ് ധരിച്ചു വരുമ്പോൾ സ്ക്കൂൾ അച്ചടക്കത്തിനും അന്തസ്സിനുമനുസരിച്ചുള്ള ഏറ്റവും മാന്യമായ വസ്ത്രധാരണമായിരിക്കണം. ഇറുകിയ വേഷങ്ങൾ, ഇറക്കം കുറഞ്ഞ പാൻ്റുകൾ, സ്ലീവ് ലെസ്സ് ടോപ്പുകൾ, ടീ ഷർട്ടുകൾ, ഇതൊക്കെ ഒഴിവാക്കുമല്ലൊ.
4. പുതിയ ഡ്രസ് വേണമെന്ന് രക്ഷിതാക്കളോട് വാശി പിടിക്കാതിരിക്കുക. ഇപ്പോഴുള്ളതു തന്നെ ധരിച്ചു വരാൻ ശ്രദ്ധിക്കുക. മാറി മാറിയുടുക്കാൻ വില കൂടിയ വസ്ത്രങ്ങളില്ലാത്ത സാധാരണക്കാരായ കുട്ടികൾ കൂടി നമ്മുടെ വിദ്യാലയത്തിലുണ്ടെന്ന് ഓർക്കുക.
5.വിലയിലും പകിട്ടിലുമല്ല, മാന്യമായ രീതിയിൽ വസ്ത്രം ധരിക്കുക എന്നതിലാണ് കാര്യമെന്ന് അറിയുക. മിതത്വം പാലിക്കുക.
ആദ്യത്തെ രണ്ടാഴ്ച കുട്ടികളുടെ മനസ്സ് വിദ്യാലയവുമായി പൊരുത്തപ്പെടട്ടെ. അതു കഴിഞ്ഞ് യൂണിഫോമൊക്കെ ധരിച്ച് മിടുക്കരായി നമുക്ക് സ്ക്കൂളിൽ വരാം. അല്ലെ?
ആശംസകൾ❤️
ഹൃദയപൂർവ്വം
സ്റ്റാഫ്, പി.ടി.എ
സ്കൗട്ട്സ് & ഗൈഡ്സ് കുട്ടമത്ത്
പ്രിയരേ,
സ്കൗട്ട്സ് & ഗൈഡ്സ് കുട്ടമത്ത് സ്ക്കൂളിൻ്റെ ഈ അധ്യയന വർഷത്തെ ആദ്യ ( ഓഫ് ലൈൻ ) പ്രവർത്തനമായ പൂന്തോട്ട നിർമ്മാണത്തിന് ആവശ്യമായ പൂച്ചെടികൾ ശേഖരിച്ചു വരികയാണ്.വീട്ടിൽ നല്ല പൂന്തോട്ടമുള്ളവർ റോസാച്ചെടിയോ, മറ്റു പൂച്ചെടികളോ ഉണ്ടെങ്കിൽ പാക്കറ്റിൽ ( or ചെടിച്ചട്ടി) മണ്ണ് നിറച്ച് നട്ട് തരികയാണെങ്കിൽ സന്തോഷം. ആർക്കെങ്കിലും ഒന്നു രണ്ട് ചെടി സ്പോൺസർ ചെയ്യണമെന്നുണ്ടെങ്കിൽ അതും സന്തോഷം. നമ്മുടെ വിദ്യാലയം മനോഹരമാക്കുന്നതിന് കുട്ടികൾ തുടങ്ങി വച്ച ഈ സംരഭം വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
എന്ന്
KSBSG ,GHSSK.
ഐക്യരാഷ്ട്ര ദിനം
ഐക്യരാഷ്ട്ര ദിനം
ലോകസമാധാനം നിലനിര്‍ത്താന്‍ ഒരു സംഘടന രൂപീകരിക്കണമെന്ന ലക്ഷ്യത്തോടെ 1945 ജൂണ്‍ 24ന് 51 രാജ്യങ്ങളുടെ പ്രതിനിധികള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒത്തുകൂടി. ഇതിനായി ഇവര്‍ യു.എന്‍ ചാര്‍ട്ടര്‍ ഒപ്പുവച്ചു. നാലു മാസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 24ന് യു.എന്‍ ചാര്‍ട്ടര്‍ നിലവില്‍ വന്നു. ഈ ദിനത്തിന്റെ വാര്‍ഷികം 1948 മുതല്‍ ഐക്യരാഷ്ട്ര ദിനം ആയി ആചരിക്കപ്പെടുന്നു.
അമേരിക്കന്‍ പ്രസിഡന്റായ റൂസ്‌വെല്‍റ്റാണ് യുണൈറ്റഡ് നേഷന്‍സ് എന്ന പേര് നിര്‍ദ്ദേശിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകമാണ് ചാര്‍ട്ടര്‍ എന്നറിയപ്പെടുന്നത്. യുദ്ധത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കുക, സ്ത്രീക്കും പുരുഷനും തുല്യഅവകാശം ഉറപ്പുവരുത്തുക, നീതിയെയും രാജ്യാന്തരനിയങ്ങളെയും പിന്തുണയ്ക്കുക, സാമൂഹിക പുരോഗതിയും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനായി നിലകൊള്ളുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യങ്ങള്‍.
ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്, അറബിക് എന്നീ ആറു ഭാഷകളാണ് യു.എന്‍ അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍ ദൈനംദിന കാര്യങ്ങള്‍ക്ക് ഇംഗ്ലീഷും ഫ്രഞ്ചുമാണ് ഉപയോഗിക്കുന്നത്
Saturday, 23 October 2021
വയലാർ അനുസ്മരണം,21 (സർഗ്ഗ സംഗീതം...)
വയലാർ അനുസ്മരണം,21
(സർഗ്ഗ സംഗീതം...)
നിർദ്ദേശങ്ങൾ..
1. സർഗ്ഗ സംഗീതത്തിൽ പങ്കെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും .. അവർ പാടിയ വയലാറിന്റെ ഗാനത്തിന്റെ ഓഡിയോ (കരോക്കേ ) 22/10/21 വെളളിയാഴ്ച വൈകുന്നേരം 6 മണിക്കുള്ളിൽ അതാത് ക്ലാസ്സ് അധ്യാപകർക്ക് അയച്ചു കൊടുക്കേണ്ടതാണ്.
2. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല.
3. ഗാനങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം പ്രോഗ്രാം കമ്മിറ്റിക്കായിരിക്കും.
കൺവീനർ
സ്റ്റാഫ് കൗൺസിൽ യോഗം
നോട്ടീസ്
25/10/21 ന് തിങ്കളാഴ്ച രാവിലെ 10.30 ന് സ്റ്റാഫ് റൂമിൽ വെച്ച് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്. മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ യോഗത്തിൽ എത്തിച്ചേരണമെന്നഭ്യർത്ഥിക്കുന്നു
അജണ്ട:
1. ഓൺലൈൻ ക്ലാസ് അവലോകനം
2.ഗൃഹസന്ദർശനം
3. CPTA യോഗം
4.സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ചെയ്യേണ്ട പ്രവർത്തനങ്ങൾ.
5. യൂനിഫോം മാറ്റുന്നതിനെ കുറിച്ച് ചർച്ച
6. ഹോമിയോ മരുന്ന് വിതരണം.
7.അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ
ഭക്ഷ്യ ദിനത്തിൽ പോഷകഗുണമുള്ള ഭക്ഷണമൊരുക്കി കുട്ടമത്തെ കുട്ടികൾ
ഭക്ഷ്യ ദിനത്തിൽ പോഷകഗുണമുള്ള ഭക്ഷണമൊരുക്കി കുട്ടമത്തെ കുട്ടികൾ
ചെറുവത്തൂർ .. ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 ന് പോഷക സമ്പുഷ്ടമായ ഭക്ഷണമൊരുക്കി അതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ.പപ്പായ ഉപ്പേരി ,പപ്പായ മുരിങ്ങയില പുളിശ്ശേരി ,മുത്തിൾ ചമ്മന്തി, സാമ്പാർ ചീര വറവ്, മുരിങ്ങയില ഉപ്പേരി ,ചായ മൻസ തോരൻ ,മത്തനില തോരൻ തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കി പരിചയപ്പെടു ത്തുകയാണ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ.നമ്മുടെ ചുറ്റുപാടും ലഭിക്കുന്ന പോഷക സമ്പുഷ്ടമായ ഇലകളെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നമ്മുടെ ആരോഗ്യം സംരക്ഷിക്കാം എന്നാണ് കുട്ടികൾ പറയുന്നത്. പോസ്റ്റർ നിർമ്മാണം ,ഭക്ഷണമുണ്ടാക്കുന്ന വീഡിയോ ,പ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ ദിനാചരണത്തോടനുബന്ധിച്ച് നടത്തി.പ്രഥമധ്യാപകൻ കെ.ജയചന്ദ്രൻ ഭക്ഷ്യ ദിന സന്ദേശം നൽകി. അധ്യാപകരായ കെ.കൃഷണൻ, അനിത എവി തുടങ്ങിയവർ നേതൃത്വം നൽകി.
Subscribe to:
Posts (Atom)