Thursday, 16 September 2021

house visit on16/9/21

യാത്ര.. ഒരു അനുഭവമാണ്.... ആനന്ദദായകവും... അത് ഏറ്റവും പ്രിയപ്പെട്ടവരുടെ അടുത്തേക്കായാലോ? അത്യുത്സാഹത്തോടും സന്തോഷത്തോടും കൂടിയാണ് ചെറുവത്തൂരിൽ ബസ് ഇറങ്ങിയത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം, എസ് ബി ഐ യുടെ മുന്നിൽ കാത്തിരുന്നു... സഹയാത്രികരായ ഗോപാലകൃഷ്ണൻ മാഷിനേയും മഞ്ജുഷ ടീച്ചറേയും. ആദ്യം മാഷ് വന്നു . പിന്നെ ടീച്ചറും.കാറിൽ യാത്ര. പട്ടണത്തിന്റെ തിരക്കിൽ നിന്ന്... ഗ്രാമത്തിന്റെ ഇനിയും ചോർന്നു പോകാത്ത ശാന്തതയിലേക്ക്... പ്രധാന പാതയിൽ നിന്ന് തിരിഞ്ഞ് മറ്റൊരു വഴിയിലൂടെ... നിരത്തിനിരുവശത്തുമുള്ള സുന്ദര കാഴ്ചകളെ പിന്നിലാക്കിക്കൊണ്ട് കാർ മുന്നോട്ട്.... തിമിരിയിലെത്തി. നേരിയ ചാറ്റൽ മഴയിലൂടെ പത്ത് ഇ യിലെ അഭിനവ് എസ് വിനോദിന്റെ വീട്ടിലേക്ക്... വളരെ സ്നേഹത്തോടെയും തെല്ല് കൗതുകത്തോടെയും വീട്ടുകാർ ഞങ്ങളെ എതിരേറ്റു. തുടർന്ന് ടി. കെ. സി സ്മാരക മന്ദിരത്തിനടുത്തുള്ള കുട്ടികളുടെ വീടുകളിൽ... കാർ വഴിയരികിൽ നിർത്തി ഗ്രാമത്തിന്റെ നനുത്ത സുഗന്ധവും ഭംഗിയും ആസ്വദിച്ച്.. കൂട്ടിന് ഗോപാലകൃഷ്ണൻ മാഷിന്റെ തമാശകളും മഞ്ജുഷ ടീച്ചറിന്റെ ഉറക്കെയുള്ള ചിരിയും.... വാക്കുകൾക്കതീതം... പിന്നീടുള്ള യാത്രയിൽ കുറച്ചു നേരം പത്ത് എഫിലെ അർജിത്തും ഉണ്ടായിരുന്നു. കൊറോണ ക്കാലം എത്ര വേഗമാണ് ഒരു കുട്ടിയുടെ രൂപവും ഭാവവും മാറ്റിയതെന്ന് ഞങ്ങൾ അത്ഭുതത്തോടെ ചിന്തിച്ചു പോയി. അർജിത്തിനെ ക്കുറിച്ച് വളരെ ആശങ്കയോടെയാണ് അമ്മ സംസാരിച്ചത്. അവിടെനിന്നും ഇറങ്ങി.... തറവാട് ക്ഷേത്രവും (ഇന്ന് സംക്രമം ആണത്രേ! കുറച്ചു പേർ അമ്പലമുറ്റത്തുണ്ടായിരുന്നു. പുല്ലു നിറഞ്ഞ അമ്പല മുറ്റം.. കണ്ടപ്പോൾ... എന്തൊക്കെ സൗഭാഗ്യങ്ങളും ആഹ്ലാദങ്ങളുമാണ് കൊറോണ കവർന്നെടുത്തതെന്നു ആലോചിച്ചു പോയി ) പത്ത് ബി യിലെ അഭിജിത്, നിരഞ്ജന എന്നിവരുടെ വീടുകൾ കയറിയിറങ്ങി.... മിക്ക രക്ഷിതാക്കളുടെയും പരാതിയും ആശങ്കയും വായന സംബന്ധിച്ചുള്ളതായിരുന്നു. അവരെ ആശ്വസിപ്പിച്ച്... കുട്ടികളെ ബോധവൽക്കരിച്ച് (എത്രത്തോളം അവരിൽ എത്തിയെന്നറിയില്ല ) വീണ്ടും യാത്ര... ഉച്ചയായി.. തമ്പായി ടീച്ചർ സ്വാദിഷ്ട മായ ഭക്ഷണവും ഒരുക്കി ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. തുടർന്നുള്ള യാത്രയിൽ ടീച്ചറുമുണ്ടായിരുന്നു. ആനിക്കാടി ഭാഗത്തുള്ള ഒട്ടു മിക്ക വീടുകളിലും പോകാൻ സാധിച്ചതിൽ വലിയ സന്തോഷം തോന്നി.. അതിനുമപ്പുറത്ത്.... അവർ മൂന്നു പേർ...9. ബി യിലെ ആദിത്യൻ, 9. സി യിലെ ദേവാനന്ദ്, 8. സി യിലെ വൈഷ്ണവ്... (വൈഷ്ണവ്. എന്നും ക്ലാസ്സിൽ വരാത്ത കുട്ടി... അവൻ ഞങ്ങളെ ഒന്ന് വട്ടം karakki😃).. ഈ മൂന്നു കുട്ടികളെയും കാണാതെ പോയിരുന്നെങ്കിൽ ഒരു പക്ഷെ.. ഇന്നത്തെ യാത്രയുടെ ഉദ്ദേശ്യം തന്നെ നിഷ്ഫലമായേനെ... ജീവിതസാഹചര്യങ്ങൾ സൃഷ്ട്ടിച്ച കടുത്ത നിസ്സംഗത ആദിത്യനിൽ കണ്ടു.. കൂടെ ചേർത്ത് നിർത്തി... അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി... അവരെ അശ്വസിപ്പിക്കാൻ സാധിക്കുന്നില്ലല്ലോ.. എന്ന സങ്കടം മാത്രം.... സ്കൂളിലേക്ക് വരാൻ കൊതിക്കുന്ന... നമ്മുടെ കുട്ടികൾ... അധ്യാപകരെ കാണുമ്പോൾ തിളങ്ങുന്ന ആ കണ്ണുകൾ... എങ്ങനെയാണു അവരെ കാണാതിരിക്കുക! ഗൃഹ സന്ദർശനങ്ങൾ അവസാനിക്കുന്നില്ല....

No comments:

Post a Comment