Sunday, 8 November 2020

OFFICE SHIFTED TO THE NEW BUILDING

പ്രിയമുള്ളവരെ
നമ്മൾ തീരുമാനിച്ചതു പോലെ കാര്യങ്ങൾ നടന്നു.
അല്ലെങ്കിൽ
പ്രതീക്ഷിച്ചതിനപ്പുറം ആളുകൾ എത്തി.അത് പി ടി എ, എസ്എംസി അംഗങ്ങളായാലും അധ്യാപക അനധ്യാപകരായാലും.
ഈ ഞായറാഴ്ച അവധി ദിനത്തിൽ വിദ്യാലയത്തിനായൊരു ദിനം ...
വളരെ ഭാരമുള്ള ഷെൽഫുകൾ കൂട്ടായ്മയിൽ പുതിയ കെട്ടിടത്തിൽ എത്തി.നേരത്തെ റോഡ് സൗകര്യം ഏർപ്പാടാക്കിയത് ഗുണകരമായി.രാഘവേട്ടനും സതിയും സുരേഷും മറ്റ് പിടിഎ എസ്എംസി അംഗങ്ങളും അധ്യാപക അനധ്യാപകരും ഒത്തുചേർന്ന് ഇന്നത്തെ ദിനം ധന്യമാക്കി .എല്ലാം ഏർപ്പാടാക്കി പിടിഎ പ്രസിഡൻ്റ് രാജേട്ടൻ തൻ്റെ അസാന്നിധ്യത്തിലും നിറസാന്നിധ്യമായി. എല്ലാവരോടും ഒരിക്കൽ കൂടി സ്നേഹത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.🌷🌷🌷 
HEAD MASTER
 




 നീണ്ട മാസങ്ങളായി മോർച്ചറിയിൽ ഓരോ പെട്ടിയിലായി അടക്കം ചെയ്ത നിശ്ശബ്ദമായ ആത്മാക്കളെ പുറം വെളിച്ചത്തിലേക്ക് ആനയിക്കുന്ന തിരക്കിലായിരുന്നു ഇന്ന്...  പുരാതനമായ മോർച്ചറി മുറിയിലെ മാറാലയും പൊടിയും നീക്കി,പെട്ടികളൊന്നൊന്നായി വെളിയിലിറക്കി.ഇനി ഈ ആത്മാവുകളിൽ ജീവനെ വീണ്ടുമുണർത്തണം...കാറ്റും വെളിച്ചവും ഇഷ്ടപോലെയൊഴുകുന്ന മുറിയിലെ വർണംതേച്ച ചുമരിനോട് ചേർത്ത് വെക്കുമ്പോൾ ....മനസ് പറഞ്ഞു .. മുറ്റത്തെ മഞ്ചാടിമരം വീണ്ടും പൂക്കും...  . കിലുകിലെച്ചിരിക്കുന്ന മഞ്ചാടിമണികളെക്കണ്ട് പുസ്തകത്താളിൽ നിന്നും പുറത്തേക്ക് പറക്കുന്ന ശലഭങ്ങളെ സ്വപ്നം കാണുകയായിരുന്നു ഞാനപ്പോൾ....എല്ലാദിവസവും അവധിക്കാലമാക്കിയ കോവിഡ് കാലത്തെ ഞായറാഴ്ചയ്ക്ക് ആലസ്യം ഒട്ടുമുണ്ടായിരുന്നില്ല...എങ്കിലും വെൺകളിമാഞ്ഞ ബ്ലാക്ക്ബോർഡും നിരയിട്ട  ബെഞ്ചുകൾക്കും ഡസ്ക്കുകൾക്കു മിടയിൽ കൂടുകൂട്ടിയ നിശ്ശബ്ദതയും സർപ്പദംശനമേറ്റ കാലത്തിന്റെ വ്യഥകളത്രയും   മൂകമായി പങ്കുവെക്കുന്നുണ്ടായിരുന്നു....ഉദ്ഘാടനം കഴിഞ്ഞിട്ടും ,സങ്കല്പിക്കാൻ കഴിയാത്തത്ര സൗകര്യങ്ങളുള്ള പുതിയ കെട്ടിടം കുട്ടികളുടെ ആരവമില്ലാത്ത ആഴമുള്ള നിശ്ശബ്ദതയിൽ നിശ്ചലമായി ഇനിയുമെത്ര നാൾ....പുതിയകാലമെത്തുക തന്നെ ചെയ്യും...... തിളയ്ക്കുന്ന ഉച്ചവെയിലിൽ കാട്ടുപൊന്തക്കരികിലെ കൽപ്പടവുകളിറങ്ങുമ്പോൾ കാലടികൾ ജാഗ്രത്തായിരുന്നു...കരിയിലകൾക്കിടയിലുറങ്ങുന്ന കരിനാഗങ്ങളുടെ ദംശനമേൽക്കാതെ മുന്നോട്ട് പോകാൻ കഴിയണം...തനിച്ചുള്ള യാത്രയാണ് സ്വയം കാവലാവുക എന്നത് കാലത്തിന്റെ പ്രമാണമായി മാറിക്കഴിഞ്ഞിരിക്കുന്നു.

  MUHAMMED KUNHI

 HST MALAYALAM

No comments:

Post a Comment