Friday 9 July 2021

ത്രിസന്ധ്യ

 ത്രിസന്ധ്യ ... ഓൺലൈൻ ക്ലാസിന്റെ സമയം .. മൊബൈൽ കയ്യിലെടുത്തു ... വൈ - ഫൈ ഉണ്ടെന്ന് ഉറപ്പ് വരുത്തി . കുട്ടികളുടെ പേരുകളെഴുതിയ രജിസ്റ്ററെവിടെ ? പാഠപുസ്തകങ്ങൾ? അതിനിടയിലാണ് വൈകുന്നേരത്തെ ചായകുടിച്ചില്ലെന്നകാര്യമോർത്തത് .... ഓ .... ഇനി അതിനൊന്നും സമയമില്ല ... കക്ഷത്ത് പുസ്തകങ്ങൾ , കൈയ്യിൽ മൊബൈലുമായി ഒഴിഞ്ഞകോണിലേക്ക് ഓടി . ലിങ്ക് കിട്ടിയ കുട്ടികളെല്ലാം വലക്കണ്ണിയിൽ കയറി ഇരുന്നു.എല്ലാ ക്യാമറകളും ഓഫാണ്.എങ്കിലും ശൂന്യതയിലെ കുട്ടികൾക്കുമുന്നിൽ പുസ്തകം നിവർത്തി നിന്നു . കൂടുതൽ വിശേഷങ്ങൾക്കൊന്നും സമയമില്ല . എത്രയോ പേർക്ക് പകുക്കപ്പെട്ട സമയത്തിന്റെ തുണ്ടാണ്.പാഠഭാഗത്തിലേക്ക് പ്രവേശിച്ചു.കൈകാലുകളില്ലാതെ നൃത്തം ചെയ്യാൻ ശ്രമിക്കുമ്പോഴുള്ള ഒരപൂർണത ... എല്ലായ്പ്പോഴും അനുഭവിക്കുന്നത് തന്നെ.മതിലിൽ ചാരി മറുവാക്കിന് കാതോർത്തു .. കേൾക്കുന്നുണ്ട് .... ചൂളമടി . " ആരാ ചൂളമടിക്കുന്നത് ? " ബഷീറിന്റെ മതിലിലെ നാരായണിയെപ്പോലെ ചോദിച്ചു ... ആരും മിണ്ടുന്നില്ല..ചതുരവലയത്തിൽ വരുണിന്റെ പേര് തെളിഞ്ഞു നിൽക്കുന്നു . " വരുൺ ... ക്ലാസിലിരുന്നാണോ ചൂളമടിക്കുന്നത് ? " നാരായണിയെപ്പോലെ സ്നേഹത്തോടെ വിളിച്ചു ചോദിച്ചിട്ടും ഉത്തരമില്ല .. " വരുൺ..ക്യാം ഓൺചെയ്യു .. " ഇല്ല ... പലവട്ടം പറഞ്ഞിട്ടും ഓണാകുന്നില്ല . നാരായണി ശരിയാകില്ല ... കടുപ്പിച്ചൊന്ന് പറയണം ... " ശെരി , അനുസരണക്കേടാണെങ്കിൽ ക്ലാസ് നിർത്തിയേക്കാം . " കടുപ്പം കൂടിയോ ... അറിയില്ല..പക്ഷെ മറുപുറത്തിപ്പോൾ ... സാക്ഷാൽ നാരായണി . " യ്യോ ... മാഷെ , അതോണാക്കുമ്പം ശരിയാക്ന്നീല ... തല തിരിഞ്ഞാ കാണ്ന്ന്" നാരായണിയുടെ മൃദുല സ്വരം കേട്ട് ചോദിച്ചു .. " ഇതാരാ..സംസാരിക്കുന്നത് ? " " വരുണിന്റെ അമ്മൂമ്മയാ .. " " ഓ..അവനെവിടെ ? " " അവനോടിപ്പോയി " .. മതിൽക്കെട്ടിനകത്തിരുന്ന് തലകീഴ്മേൽമറിഞ്ഞ ലോകത്തെ കാണാൻ കഴിയാത്തത് കൊണ്ട്  വരുൺ എവിടേക്കാകും ഓടിപ്പോയത് ? അവന്റെ തൊടിയിലപ്പോൾ സന്ധ്യയിൽ മിഴിപൂട്ടിയ റോസാപ്പൂവുണ്ടാകുമോ ... ? ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങൾ ... അതിനു മുന്നിൽ ഇപ്പോൾ കുട്ടിയായിത്തീരുന്നത് ആരാണ് ....
          മുഹമ്മദ്കുഞ്ഞി.എം .

No comments:

Post a Comment